ചാലക്കുടിയിൽ കഞ്ചാവ് വേട്ട: 17 കിലോയുമായി ബംഗാൾ സ്വദേശി പിടിയിൽ
ചാലക്കുടി: പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി അജി ബുർ ഷെയ്ഖാണ് (26) പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്. ഇയാളിൽനിന്ന് രണ്ട് ബാഗുകളിൽ എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെയും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവിന്റെയും നേതൃത്വത്തിൽ ചാലക്കുടി പൊലീസും ജില്ല ലഹരി വിരുദ്ധസേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. പിടിയിലായ യുവാവ് മുമ്പ് അങ്കമാലി ഭാഗത്തെ കറിമസാല നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐമാരായ വി.ജി. സ്റ്റീഫൻ, സി.ആർ. പ്രദീപ് കുമാർ, പി. ജയകൃഷ്ണൻ, സതീശന് മടപ്പാട്ടിൽ, ടി.ആർ. ഷൈൻ, റോയ് പൗലോസ്, പി.എം. മൂസ, എ.എസ്.ഐമാരായ വി.യു. സിൽജോ, ലിജു ഇയ്യാനി. സൂരജ് വി. ദേവ്, സീനിയര്‍ സി.പി.ഒമാരായ എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, പി.എക്സ്. സോണി, എം.വി. മാനുവൽ, നിഷാന്ത് എബി, കെ.ജെ. ഷിന്റോ, ചാലക്കുടി പൊലീസ് സ്റ്റേഷൻ അഡീഷനൽ എസ്.ഐ റെജിമോൻ, സീനിയർ സി.പി.ഒ കെ.കെ. ബൈജു, സി.പി.ഒമാരായ സുരേഷ് കുമാർ, കെ.എം. സനോജ്, ശ്യാം ചന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.