പട്ടാമ്പി ഉപജില്ല സ്‌കൂള്‍ കലോത്സവ വിജയത്തില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍
പട്ടാമ്പി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അട്ടിമറി നടത്തിയതായി കണ്ടെത്തൽ . ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് ഗുരുതരമായ അട്ടിമറി നടന്നത്. എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി അധ്യാപകർ തന്നെ നേരിട്ട് നടുവട്ടം ജനത ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ മത്സര ഫലങ്ങളിൽ ക്രമക്കേട് നടത്തിയെന്നാണ് പട്ടാമ്പി എ.ഇ.ഓ.യുടെ കണ്ടെത്തൽ. ഓഫ് സ്റ്റേജ് മത്സങ്ങളിൽ വിദ്യാർത്ഥികൾക്ക് വിധി കർത്താക്കൾ നൽകിയ ഗ്രെയ്‌ഡുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയുന്ന സമയത്ത് തിരുത്തിയെന്നാണ് കണ്ടെത്തിയത്. ഇത്തരത്തിൽ എ ഗ്രേഡ് നേടിയ വിദ്യാത്ഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ എത്തുമ്പോൾ ബോധപൂർവമായി ബി ഗ്രേഡിലേക്ക് തിരുത്തിയെന്നാണ് പറയുന്നത്. നടുവട്ടം ജനത ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഗ്രേഡുകൾ പലതും എടപ്പലം യതീംഖാന സ്കൂളിന് വേണ്ടി തിരുത്തിയെന്നാണ് കണ്ടെത്തൽ. ഗ്രേഡുകൾ കുറച്ചതോടെ നടുവട്ടം ജനതാ ഹയർ സെക്കണ്ടറി സ്കൂളിന് ലഭിക്കേണ്ട പോയിന്റും കുറഞ്ഞു. ഇതോടെ കലോത്സവ റിസൾട്ടിൽ എടപ്പലം ഹൈ സ്കൂൾ ചമ്പ്യാന്മാർ ആവുകയും ചെയ്തിരുന്നു. എന്നാൽ പല ഓഫ് സ്റ്റേജ് മത്സര വിധികളിലും സംശയം തോന്നിയ രക്ഷതാവ് വിവരാവകാശ പ്രകാരം വിധികർത്താക്കളുടെ വിധി പകർപ്പും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഗ്രെയ്‌ഡുകളും പരിശോധിച്ചപ്പോൾ ആണ് കലോസ്തവത്തിൽ അധ്യാപകർ വലിയ അട്ടിമറി നടത്തിയതായി കണ്ടെത്തിയത്. ഇതേ തുടർന്ന് രേഖകൾ സഹിതം പട്ടാമ്പി എ.ഇ.ഒ.ക്ക് പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജനതാ ഹയർ സെക്കണ്ടറി സ്കൂളിന് ലഭിക്കേണ്ട കപ്പ് അട്ടിമറി നടത്തി എടപ്പലം യതീംഖാന സ്കൂൾ സ്വന്തമാക്കിയതായി കണ്ടെത്തിയത്. പരിശോധനയിൽ 309 പോയിന്റ് നേടി ഹയർ സെക്കണ്ടറി വിഭാഗം ചമ്പ്യാന്മാർ ആയി നടുവട്ടം ജനതാ ഹയർ സെക്കണ്ടറി സ്കൂളിന് കപ്പ് നൽകാനും തീരുമാനമായി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർ ആരൊക്കെയെന്ന് പരിശോധിച്ച് വരികയാണെന്ന് പട്ടാമ്പി എ.ഇ.ഒ അറിയിച്ചു. കെ.പി.എസ്.ടി.എ അധ്യാപക സംഘടനക്ക് ആയിരുന്നു കലോത്സവത്തിലെ പോഗ്രാം കമ്മിറ്റി ചുമതല. സമൂഹത്തിനും വിദ്യകർത്തികൾക്കും മാതൃക ആവേണ്ട അധ്യാപകർ തന്നെ നേരിട്ട് വലിയ അട്ടിമറിക്ക് കൂട്ടുനിന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.