വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും: മന്ത്രി എം.ബി രാജേഷ്
പാലക്കാട്: വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരുമെന്ന് മന്ത്രി എം.ബി.രാജേഷ്. സംസ്ഥാന സർക്കാരിനും പൊലീസിനും എതിരെ പറഞ്ഞത് വ്യാജമായിരുന്നു. രാഷ്ട്രീയലക്ഷ്യം വച്ചായിരുന്നു പ്രചാരണമെന്ന് ഇപ്പോൾ മനസിലായല്ലോയെന്നും രാജേഷ് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ എറണാകുളം സിബിഐ കോടതിയിൽ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പീഡനവിവരം മറച്ചുവച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. പീഡനം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. മാതാപിതാക്കൾക്കെതിരെ പോക്‌സോ, ഐപിസി വകുപ്പുകൾ ചുമത്തി.
2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. കുട്ടികള്‍ പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍ഡ് ചെയ്തു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം കേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.