കഴിഞ്ഞ വർഷം പാലക്കാട്ടെ ലഹരിമരുന്ന് കേസുകൾ 2408; പിടിയിലായവർ 2454
പാലക്കാട്: കഴിഞ്ഞ വർഷം പാലക്കാട് ജില്ലയിൽ ലഹരി മരുന്ന് കൈവശം വയ്ക്കൽ, വിൽപ്പന, കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 2454 പേർ. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് 2408 കേസ്. ലഹരി ഉപയോഗിച്ചതിന് മാത്രം 2169 പേരെ അറസ്റ്റ് ചെയ്ത പൊലീസ് വൻതോതിൽ ലഹരി മരുന്നുകളും പിടിച്ചെടുത്തു. രജിസ്റ്റർ ചെയ്ത ലഹരി കേസുകളിൽ വാണിജ്യ അളവിലുള്ള 33 കേസുകളും 123 ഇടത്തരം കേസുകളും ചെറിയ അളവിൽ ലഹരി പിടികൂടിയ 83 കേസുകളും ഉൾപ്പെടുന്നു.
ജില്ലയിലേക്ക് പ്രവേശിക്കുന്ന ട്രെയിനുകൾ, അന്തർ സംസ്ഥാന ബസുകൾ, ടൂറിസ്റ്റ് ബസുകൾ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ, പ്രധാന ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ, മയക്കുമരുന്ന് ഹോട്ട് സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ ഡാൻസാഫിന്റ സഹായത്തോടെ തുടർച്ചയായ പരിശോധനകൾ നടത്തുന്നുണ്ട്.