വലിച്ചെറിയല്‍ വിരുദ്ധ വാരം ക്യാംപയിന്‍ പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു
'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വലിച്ചെറിയല്‍ വിരുദ്ധ വാരം' ക്യാംപയിനിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബുതാഹിര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സൈതലവി, അസി.ഡയറക്ടര്‍ ഹമീദ ജലീസ, ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.ദീപ, അസി. സെക്രട്ടറി അസ്സന്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനം സജ്ജമായി വരുമ്പോഴും പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണതയെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയ മത സംഘടനകള്‍, യുവജന കൂട്ടായ്മകള്‍ തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ക്യാംപയിന്‍ പ്രവര്‍ത്തനം. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ എന്‍.എസ്.എസ്, എന്‍.സി.സി, ഭൂമിത്രസേന ക്ലബ്ബുകള്‍, ടൂറിസം ക്ലബ്ബുകള്‍, സ്‌ക്വൌഡ്‌സ് ആന്റ് ഗൈഡ്‌സ്, സാമൂഹ്യ സന്നദ്ധസേന വളണ്ടിയര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ക്യാംപയിന്‍.