ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്ക് അദാലത്തുകൾ 10, 13, 14 തീയതികളിൽ
മലപ്പുറം: ഏറനാട് താലൂക്ക് തല അദാലത്ത് മുൻനിശ്ചയപ്രകാരം ജനുവരി 10 ന് മഞ്ചേരി ടൗൺഹാളിൽ നടക്കും. എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ ജനുവരി 13, 14 തീയതികളിൽ നടക്കും. കൊണ്ടോട്ടി താലൂക്ക് അദാലത്ത് 13ന് കൊണ്ടോട്ടി ഹജ്ജ് ഹൗസിലും തിരൂരങ്ങാടി അദാലത്ത് 14ന് കൂരിയാട് ജെംസ് പബ്ലിക് സ്കൂളിലുമാണ് നടക്കുന്നത്.
മന്ത്രിമാരായ വി അബ്ദുറഹിമാൻ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ജില്ലയിലെ നാല് താലൂക്കുകളിലാണ് ഇതിനകം പൂർത്തിയായത്. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തിൽ മുൻകൂറായി പരാതി നൽകിയവരെയാണ് മന്ത്രിമാർ നേരിൽ കേൾക്കുക. പുതിയ പരാതികൾ നൽകുന്നതിനും സംവിധാനം ഉണ്ടാകും.