logo
AD
AD

'അതിർത്തിയിലെ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും': മന്ത്രി എം.ബി. രാജേഷ്

സിന്തറ്റിക് ലഹരി ഉൾപ്പെടെ കേരളത്തിലേക്ക് വരുന്നത് അതിർത്തികൾ കേന്ദ്രീകരിച്ചാണെന്നും അതുകൊണ്ട് അതിർത്തിയിലെ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചിറ്റൂർ എക്സൈസ് കോംപ്ലക്സിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.⁣ ⁣ ഒരു വർഷത്തിനകം എക്സൈസ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കും.അതിർത്തി മേഖലയായ ചിറ്റൂരിൽ എക്സൈസ് പ്രവർത്തനം ശക്തമാക്കും. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് മികച്ച പ്രവർത്തനമാണ് കേരളത്തിലെ എക്സൈസ് ജീവനക്കാർ നടത്തുന്നത്. രജിസ്റ്റർ ചെയ്യുന്നതും വർദ്ധിച്ചു വരുന്നതുമായ ലഹരി കേസുകളുടെ എണ്ണം ഇതാണ് തെളിയിക്കുന്നത്. എക്സൈസ് വകുപ്പിനെ ആധുനികവത്കരിക്കുക എന്നത് സർക്കാറിന്റെ നയമാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പോലും 66 വാഹനങ്ങളും ആധുനിക കാലത്തെ ലഹരിക്കടത്ത് പിടികൂടുന്നതിന് വേണ്ടിയുള്ള അത്യാധുനിക ഉപകരണങ്ങളും ലഭ്യമാക്കി.⁣ ⁣ പോലീസിൻ്റേയും ജനങ്ങളുടേയും പിന്തുണ എക്സൈസിന് ലഭിക്കുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന എക്സൈസ് നിരവധി ലഹരി കേസുകളാണ് പിടി കൂടുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടം എക്സൈസിന്റെ മാത്രം ഉത്തരവാദിത്തമല്ല. അതിൽ ജനങ്ങളും പങ്കാളികളാവണം. ജനങ്ങളുടെ പിന്തുണയോടെ മാത്രമേ ലഹരിക്കെതിരെയുള്ള പോരാട്ടം വിജയിക്കുകയുള്ളു.⁣ ⁣ രാജ്യത്തുതന്നെ മാനുഷിക മുഖമുള്ള പ്രവർത്തനമാണ് കേരളത്തിലെ എക്സൈസ് വകുപ്പിന്റേത്. ലഹരിയുടെ ഇരകളെ അതിൽ നിന്ന് മോചിപ്പിക്കാൻ എക്സൈസ് നടത്തുന്ന പ്രവർത്തനങ്ങളാണ് രാജ്യത്തിനു തന്നെ മാതൃകയായ എക്സൈസിൻ്റെ ഈ മാനുഷിക മുഖമെന്നും മന്ത്രി പറഞ്ഞു.⁣ ⁣ ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ ചെറുക്കുന്നതിന് കാര്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എം എൽ എ കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ, എക്സൈസ് കമ്മീഷണറും എ ഡിജിപിയുമായ മഹിപാല്‍ യാദവ്, ജോയിൻ്റ് എക്സൈസ് കമ്മീഷണർ എൻ. അശോക് കുമാർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരായ ആർ. മോഹൻ കുമാർ, കെ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Latest News

latest News