logo
AD
AD

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ്. ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി ഗ്രാമപഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും , വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി നിർത്തിവയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കൂടാതെ, രോഗബാധിത മേഖലകളിൽ നിന്നും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ ഒരു കി.മീ ചുറ്റളവില്‍ കേന്ദ്രസർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും മറ്റ് ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അനധികൃത കടത്ത് തടയാനായി ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പൊലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധനകൾ നടത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം അടിയന്തിരമായി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Latest News

latest News