കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലം: ശാസ്താംകോട്ടയിൽ തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു. പടിഞ്ഞാറേകല്ലട പഞ്ചായത്ത്, കാരാളിമുക്ക് ടൗൺ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആറുപേരെ ആക്രമിച്ച തെരുവ് നായയെ സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തി. പിടികൂടാനുള്ള ശ്രമത്തിനിടെ നായ ആക്രമിച്ചെന്നും അടിയേറ്റ് നായ ചത്തെന്നും സുരേഷ് ചന്ദ്രൻ പറയുന്നു. അധികൃതർ ഇടപെടാത്ത സാഹചര്യത്തിൽ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തെരുവുനായയെ പിടികൂടാൻ ശ്രമിച്ചതെന്നും സ്ഥാനാർഥി പറഞ്ഞു.
