പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു
പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ, മൗലാന ഏർളി സ്‌റ്റെപ്‌സ്, കോഴിക്കോട് കോമ്പോസൈറ്റ് റീജിയണൽ സെന്റർ (സി.ആർ.സി.) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'ഒപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച ചർച്ചാ വേദി ശ്രദ്ധേയമായി. മൗലാന അക്കാദമി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ 'സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാം' എന്ന ഈ വർഷത്തെ ലോക ഭിന്നശേഷി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട്, 'ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള നൈപുണ്യ വികസനവും തൊഴിലവസര നിർമ്മാണവും' എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.
സ്‌പെഷ്യൽ ഒളിമ്പിക്‌സ് കേരള, ഇന്ത്യ ചെയർമാൻ ഡോ. ജയരാജ് എം. കെ., സി.ആർ.സി. കോഴിക്കോട് റിഹാബിലിറ്റേഷൻ ഓഫീസർ ഗോപിരാജ്, ജില്ലാ സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, തണൽ ട്രസ്റ്റിന്റെ സ്ഥാപകൻ സില സെബാസ്റ്റ്യൻ, വി.കെ. റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ സിനിൽ ദാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൊണ്ടോട്ടി ഗവ. കോളേജ് അസി. പ്രൊഫസർ അബ്ദുൽ നാസറായിരുന്നു മോഡറേറ്റർ. മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി സ്വാഗതം ആശംസിച്ചു. ചീഫ് കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും പ്രോഗ്രാം കോഡിനേറ്ററുമായ ഡോ. ബിനീഷ്. സി. പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് 200-ഓളം പേർ ചർച്ചയിൽ പങ്കെടുത്തു.
