എസ്‌ഐആർ: തെറ്റായ വിവരം പ്രചരിപ്പിച്ചാൽ നടപടി
പട്ടാമ്പി: എസ്‌ഐആർ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പട്ടാമ്പി തഹസിൽദാർ, അസി. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ എന്നിവർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പലതരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ബിഎൽഒമാർ വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ ഡാറ്റാ എൻട്രി ചെയ്യുമ്പോൾ, ഫോൺനമ്പർ, ആധാർനമ്പർ തുടങ്ങിയവ ചേർക്കാതിരുന്നാൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് ഉൾപ്പെടെ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ബിഎൽഒമാർക്ക് ലഭ്യമായിരിക്കുന്ന എന്യൂമറേഷൻ ഫോമുകളിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ സ്റ്റാർമാർക്ക് ചെയ്തിട്ടുണ്ട്. എന്യൂമറേഷൻ ഫോം വോട്ടർമാർ ഒരു രേഖപ്പെടുത്തലുകളും നടത്താതെ ഒപ്പിട്ടുമാത്രം നൽകിയാലും കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറഞ്ഞു.
