logo
AD
AD

മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ഭീമന്‍ രഘു; 15 മിനിറ്റോളം ഒറ്റ നില്‍പ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താന്‍ പ്രസംഗം തീരുംവരെ എഴുന്നേറ്റുനിന്നതെന്ന് നടന്‍ പിന്നീട് പ്രതികരിച്ചു. ഭീമന്‍ രഘുവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വ്യാഴാഴ്ച വൈകിട്ടായിരുന്നു 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണം. കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ പുരസ്കാര ജേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഭീമന്‍ രഘുവും എഴുന്നേറ്റത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും താരം സദസില്‍ കയ്യും കെട്ടി എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.

ഒടുവില്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കയ്യടിയും നല്‍കിയാണ് നടന്‍ ഇരുന്നത്. അച്ഛന്‍റെ സ്ഥാനത്താണ് താന്‍ പിണറായിയെ കാണുന്നതെന്നായിരുന്നു പിന്നീട് താരത്തിന്‍റെ പ്രതികരണം. “മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്,” ഭീമൻ രഘു പറഞ്ഞു. അതേസമയം ഭീമന്‍ രഘുവിന്‍റെ വീഡിയോക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഭീമന്‍ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേരുന്നത്. എ.കെ.ജി സെന്ററിലെത്തിയ ഭീമൻ രഘു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനേയും മന്ത്രി വി. ശിവൻകുട്ടിയേയും കണ്ടിരുന്നു. ബി.ജെ.പി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നില്ല. സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നുമാണ് താരം പറഞ്ഞത്.

latest News