ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ സുപ്രിംകോടതി ജനുവരി 10ന് പരിഗണിക്കും. ഇരുഭാഗത്തെയും അഭിഭാഷകർ എത്താത്തതിനെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കപിൽ സിബലാണ് ഉമർ ഖാലിദിന്റെ അഭിഭാഷകൻ. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് ഡൽഹി പൊലീസിനായി ഹാജരാകുന്നത്.
2022 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഉമർ ഖാലിദ് സുപ്രിംകോടതിയെ സമീപിച്ചത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.