logo
AD
AD

ഇഷ്ടമുള്ളയാളെ മതം നോക്കാതെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; സർക്കാരിനും രക്ഷിതാക്കൾക്കും ഇടപെടാനാകില്ല-ഡൽഹി ഹൈക്കോടതി

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനു കടിഞ്ഞാണിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. മതംനോക്കാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ പൗരന്മാരുടെ മൗലികാവകാശമാണ്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും സർക്കാരിനുമൊന്നും ആരെയും നിർബന്ധിക്കാനും നിയന്ത്രിക്കാനുമാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇതരമതക്കാരനെ വിവാഹം കഴിച്ചതിനു കുടുംബത്തിൽനിന്നു ഭീഷണി നേരിടുന്ന യുവതിക്കും ഭർത്താവിനും പൂർണ സംരക്ഷണം നൽകിക്കൊണ്ട് ജസ്റ്റിസ് സൗരഭ് ബാനർജിയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുക എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യ ഘടകമാണ്. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഈ വകുപ്പ് ഉറപ്പുനൽകുന്നുണ്ട്. വിവാഹം ഉൾപ്പെടെയുള്ള വ്യക്തി തിരഞ്ഞെടുപ്പുകൾക്ക് ഈ വകുപ്പ് സംരക്ഷണം നൽകുന്നുണ്ടെന്നും ജസ്റ്റിസ് സൗരഭ് ചൂണ്ടിക്കാട്ടി.

പെൺകുട്ടിയുടെ രക്ഷിതാക്കൾ പങ്കാളികളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഭീഷണി സൃഷ്ടിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്ക് സമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ലെന്നു പറഞ്ഞ കോടതി, പങ്കാളികൾക്കു സുരക്ഷ ഒരുക്കാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 31ന് സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചവരാണു പരാതിക്കാർ. ഭർത്താവ് മറ്റൊരു മതക്കാരനായതിനാൽ കുടുംബത്തിൽനിന്നു ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്.

latest News