വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പ്; യുവാവിന് രണ്ടു വര്‍ഷം കഠിനതടവും പിഴയും
പാലക്കാട്: വ്യാജ സ്വര്‍ണം അസ്സല്‍ സ്വര്‍ണ്ണമാണെന്ന് വിശ്വസിപ്പിച്ച് ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് പണം തട്ടിയ കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് മേപ്പറമ്പ് ബംഗ്ലാംപറമ്പ് ഓടക്കല്‍ ഹൗസില്‍ മുഹമ്മദാലിയെ (30) ആണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എസ് വരുണ്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 (വഞ്ചന) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് രണ്ടുവര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടത്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ പ്രതി അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം.
2014 മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള മണപ്പുറം ഫിനാന്‍സ് ശാഖയില്‍ എത്തിയ മുഹമ്മദാലി, 20.9 ഗ്രാം തൂക്കം വരുന്ന രണ്ട് വളകള്‍ പണയം വെക്കുകയും, ഇതിന് പകരമായി 47,000 രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റിലാണ് പണയം വെച്ചിരിക്കുന്നത് സ്വര്‍ണ്ണമല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.
തുടര്‍ന്ന് സ്ഥാപന അധികൃതര്‍ മുഹമ്മദാലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൗത്ത് എസ്.എച്ച്.ഒ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീബ കെ. ഹാജരായി.
