മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ശക്തമാക്കും: മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറം: പൊതുസ്ഥലത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയാന്‍ പിഴ ശക്തമാക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി വഴിയരികില്‍ വലിച്ചെറിയുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ മുഖേന 10,000 രൂപ പിഴ ചുമത്തും. പിഴ അടവാക്കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും.
മാര്‍ച്ച് 30ന് ലോക സീറോ വെയ്സ്റ്റ് ദിനത്തില്‍ കേരളം മാലിന്യ മുക്തമായി പ്രാഖ്യാപിക്കേണ്ടതുണ്ട്. അതിനാല്‍ മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക ബിന്നുകള്‍ സൂക്ഷിക്കണം. ജൈവ-അജൈവ വസ്തുക്കള്‍ വെവ്വേറെ സൂക്ഷിക്കുകയും അജൈവ വസ്തുക്കള്‍ ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീ നല്‍കി കൈമാറുകയും വേണം. ജൈവ വസ്തുക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ശരിയായി സംസ്‌കരിക്കണമെന്നും പൊതുജനങ്ങളും വ്യാപാരികളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.