എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും- മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വന്‍സിങ് നടത്തുന്നുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. നിപ, എം പോക്സ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതായും മന്ത്രി പറഞ്ഞു.
എം പോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപന ശേഷി കുറവാണ്. എന്നാല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാല്‍ വ്യാപന ശേഷി മനസ്സിലാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
എം പോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണ്. എം പോക്സ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേർ ആണുള്ളത്. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്. എം പോക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്‌സിന്‍റെയും കാര്യത്തിൽ ആശങ്ക വേണ്ട. മാസ്‌ക്ക് ധരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.