ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സംവിധാനം കേരളത്തിൽ നടപ്പാക്കാൻ ശിപാർശ

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കാൻ ശിപാർശ. ഗുജറാത്ത് സന്ദർശിച്ച് പഠനം നടത്തി ചീഫ് സെക്രട്ടറി തന്റെ നിർദേശം സർക്കാരിന് കൈമാറി. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.
ഗുജറാത്തിലെ സി.എം ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ നിർദേശിച്ചത് പ്രധാനമന്ത്രിയാണ്. പിന്നാലെ ഗുജറാത്ത് സന്ദർശിച്ച ചീഫ് സെക്രട്ടറി ഡാഷ് ബോർഡ് സംവിധാനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. തിരികെ കേരളത്തിലെത്തിയ ചീഫ് സെക്രട്ടറി ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കേണ്ടതാണെന്ന് സർക്കാരിനെ അറിയിച്ചു.
പദ്ധതി നിർവഹണവും ഭരണ കാര്യങ്ങളും ഇതിലൂടെ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഗുജറാത്തിലേത് പോലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തന്നെ സി.എം ഡാഷ് ബോർഡ് ക്രമീകരിക്കണമെന്നാണ് ശിപാർശ. നിലവിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാൽ അതിന് ശേഷമായിരിക്കും മുഖ്യമന്ത്രി തീരുമാനം എടുക്കുക.