നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ചെർപ്പുളശ്ശേരി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നെല്ലായ മാരായമംഗലം സൗത്ത് സ്വദേശി മൂലംകുന്നത്ത് വീട്ടിൽ അബ്ദുൾ റസാഖിനെ(26)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് 1 വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. പാലക്കാട് ജില്ലയിൽ അഗളി പോലീസ് സ്റ്റേഷനിലെയും മലപ്പുറം ജില്ലയിലെ എടവണ്ണ, മലപ്പുറം സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് സമർപ്പിച്ച ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ തോംസൺ ജോസ് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശികുമാർ, സബ്ബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ എന്നിവർ തുടർനടപടികൾ സ്വീകരിച്ചു. 2024 ജൂലൈ മാസത്തിൽ മലപ്പുറം എടവണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരകമണ്ണ ആര്യൻതൊടിക എന്ന സ്ഥലത്തുള്ള പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതിനും വീടിന് കേടുപാടുകൾ വരുത്തിയതിനും കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ-15 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, മോഷണം നടത്തുക, കവർച്ച നടത്തുന്നതിനിടയിൽ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ അന്യായമായ തടസ്സത്തിനോ ഒരുക്കം കൂട്ടിയതിനുശേഷം രാത്രി പതുങ്ങിയിരുന്നു കൊണ്ട് ഭവന കയ്യേറ്റമോ ഭവനഭേദനമോ നടത്തുക, വീടോ മറ്റോ നശിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി തീയാലോ സ്ഫോടക വസ്തുവാലോ ദ്രോഹം ചെയ്യുക, തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടതിനാണ് അബ്ദുൾ റസാഖിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.