logo
AD
AD

‘ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ അവസരമുണ്ടോ?’ പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചിരുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ ഹർജികളിൽ ഹൈക്കോടതിയുടെ ഇടപെടൽ. വോട്ടെണ്ണലിന് മുമ്പ് പോസ്റ്റൽ വോട്ട് ചെയ്യാൻ ജീവനക്കാർക്ക് അവസരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ മറുപടി നൽകണം. ചൊവ്വാഴ്ച നിലപാട് കേട്ടശേഷം കേസ് വീണ്ടും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.⁣ ⁣ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ തപാൽവോട്ടു ചെയ്യാൻ പറ്റാത്തവർക്കു ഇനി സൗകര്യമൊരുക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. തപാൽ ബാലറ്റുകൾ വീണ്ടും വിതരണംചെയ്യുന്നതും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പുനഃസ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പുനടപടികളുടെ രഹസ്യാത്മകതയെയും പവിത്രതയെയും ബാധിക്കുമെന്ന് കമ്മിഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ജീവനക്കാർക്കുതന്നെ, വോട്ടുചെയ്യാനാകാത്തതിനെതിരേ നിരവധി കോണിൽനിന്ന് ചോദ്യങ്ങളുയർന്നിരുന്നു.⁣ ⁣ തിരഞ്ഞെടുപ്പുഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനക്ലാസിനുവരുമ്പോൾ വോട്ടുചെയ്യാനാകുമെന്ന് ആദ്യംപറഞ്ഞെങ്കിലും അവിടെ ബാലറ്റ് കിട്ടിയിരുന്നില്ല. പിന്നീട് അതത് നിയോജകമണ്ഡലത്തിൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരമൊരുക്കിയെങ്കിലും പലരുടെയും തപാൽ ബാലറ്റുകൾ അവിടെയും യഥാസമയം എത്തിയില്ല. തുടർന്ന്, തിരഞ്ഞെടുപ്പിന്റെ തലേന്ന് പോളിങ് സാമഗ്രിവിതരണകേന്ദ്രങ്ങളിൽ ഇവർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയെങ്കിലും കുറച്ചുപേർക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്.⁣ ⁣ പല കേന്ദ്രങ്ങളിലും തപാൽ ബാലറ്റ് തക്കസമയത്ത് എത്താഞ്ഞതിനാൽ വ്യാപകപ്രതിഷേധമുയർന്നു. ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ വാങ്ങി വോട്ടെടുപ്പുകേന്ദ്രങ്ങളിലേക്കു പോയശേഷമാണ് പലേടത്തും തപാൽ ബാലറ്റുകൾ എത്തിയത്. തിരികെവന്ന് വോട്ടുചെയ്യാൻ പലർക്കും കഴിഞ്ഞില്ല. ഇതിനെതിരയായിരുന്നു ഒരു കൂട്ടം ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്.

Latest News

latest News