‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ ഒഴികെ എല്ലാ അഭിപ്രായങ്ങളെയും ബഹുമാനിക്കും: ശബരിമല കേസിൽ സുപ്രീംകോടതി
ന്യൂഡൽഹി: പ്രമുഖ എഴുത്തുകാരുടെയും പണ്ഡിതരുടെയുമെല്ലാം അഭിപ്രായങ്ങളെ സ്വീകരിക്കാനും ബഹുമാനിക്കാനും തയ്യാറാണെന്ന് ശബരിമല കേസ് വാദത്തിനിടെ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച്. അതേസമയം, ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’യിലെ വിവരങ്ങൾ സ്വീകരിക്കില്ലെന്നും ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന തമാശയായി പറഞ്ഞു. മതവിഷയങ്ങളിൽ ഇടപെടാൻ കോടതിയുടെ അധികാരപരിമിതികൾ സംബന്ധിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എഴുതിയ ലേഖനം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബെഞ്ചിന്റെ പരാമർശം.
ഏത് ഉറവിടത്തിൽനിന്നുള്ള അറിവും പാണ്ഡിത്യവും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് വാദിച്ചുകൊണ്ട് ദാവൂദി ബോറ സമുദായ സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് കിഷൻ കൗളാണ് തരൂരിന്റെ ലേഖനം ചൂണ്ടിക്കാട്ടിയത്.
