കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി; പ്രതി പൊലീസ് കസ്റ്റഡിയില്‍

കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി സ്വരൂപ് കണ്ണനാണ് പിടിയിലായത്. ഇയാൾ കസ്റ്റഡിയിലായതറിഞ്ഞ് തട്ടിപ്പിനിരയായി നിരവധിപേര്‍ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വിഫ്റ്റിലും കെ.എസ്.ആര്‍.ടി.സിയിലും വിവിധ തസ്തികകളിൽ ജോലി വാങ്ങിനൽകാമെന്നും താൻ കെ.എസ്.ആര്‍.ടി.സിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് 3,000 മുതൽ ഒരു ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്.
പണം തട്ടിയതിനു പുറമെ പുതിയ ജോലിയിൽ പ്രവേശിക്കാൻ ചെയ്തുകൊണ്ടിരുന്ന ജോലി രാജിവയ്‍ക്കണമെന്ന് ഇയാൾ എല്ലാവരോടും ആവശ്യപ്പെട്ടു. ഇതുപ്രകാരം ഭോപ്പാലിൽ ഉള്‍പ്പെടെ ജോലിചെയ്തിരുന്നവർ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കുകയും ചെയ്തു. വ്യക്തിപരമായി അടുത്തറിയുന്ന ആളുകളോട് തന്നെ തട്ടിപ്പ് നടത്തിയതിനാൽ പലരും ചതി തിരിച്ചറിയാതെ പോവുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പലരും തട്ടിപ്പ് തിരിച്ചറിയുന്നത്. കൂടുതൽ അന്വേഷണത്തിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.