logo
AD
AD

പോലീസ് സ്‌റ്റേഷന് മുന്‍പിലൂടെ മണല്‍ കടത്തുന്ന റീല്‍സ്; കോളേജ് വിദ്യാര്‍ഥി അടക്കം ഏഴുപേര്‍ അറസ്റ്റിൽ

നിലമ്പൂര്‍: പോലീസ് സ്റ്റേഷനു മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന വിഡിയോ ചിത്രീകരിച്ച ശേഷം റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മണല്‍ മാഫിയാസംഘത്തിലെ ഏഴുപേര്‍ അറസ്റ്റില്‍. മമ്പാട് ഓടായിക്കല്‍ സ്വദേശികളായ മറ്റത്ത് ഷാമില്‍ ഷാന്‍ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടിക മര്‍വാന്‍ (20), പുളിക്കല്‍ അമീന്‍ (19), വടപുറം സ്വദേശികളായ ചേകരാറ്റില്‍ അല്‍ത്താഫ് (22), ചേകരാറ്റില്‍ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുള്‍ മജീദ് (34), കരിമഠത്തില്‍ സഹീര്‍ (23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22-ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാമില്‍ഷാന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറിയില്‍ പുള്ളിപ്പാടം കടവില്‍നിന്ന് അനധികൃതമായി മണല്‍ കടത്തിക്കൊണ്ടു പോകുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. മണല്‍ക്കടത്ത് ലോറിയില്‍ ക്ലീനറായി പോകുന്ന ബിരുദവിദ്യാര്‍ഥിയായ അമീന്‍ ഓടായിക്കല്‍ പാലത്തില്‍വെച്ചും നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍വെച്ചും ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകള്‍ കൂടി ചേര്‍ത്ത് റീല്‍സാക്കി മാറ്റി. ഷാമില്‍ ഷാന്റെ വണ്ടി ഭ്രാന്തന്‍ കെ.എല്‍. 71 എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

റീല്‍സ് വിവാദമായതോടെ ഇത് ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമില്‍ ഷാനും ലോറിയില്‍ ഉണ്ടായിരുന്നു. അല്‍ത്താഫ്, സവാദ്, മജീദ്, സഹീര്‍ എന്നിവര്‍ ബൈക്കില്‍ വഴിയില്‍ പോലീസുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കാനായി ലോറിക്ക് എസ്‌കോര്‍ട്ടായി പോയിരുന്നു. ഷാമില്‍, അല്‍ത്താഫ് എന്നിവര്‍ മുന്‍പും മണല്‍കടത്ത് കേസില്‍ ഉള്‍പ്പെട്ടയാളുകളാണ്. ഇരുവരും ഗള്‍ഫില്‍ ജോലി തരപ്പെടുത്തി പോകാനിരിക്കെയാണ് പോലീസിനെതിരേ റീല്‍സ് ചെയ്തത്. വിദേശത്തെത്തിയാല്‍ പിടിക്കപ്പെടില്ല എന്ന ധാരണയായിരുന്നു പ്രതികള്‍ക്ക്. കോടതിപ്പടിയിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ച മണല്‍കടത്താനുപയോഗിച്ച ലോറി പിടിച്ചെടുത്തു.

Latest News

latest News