എക്സൈസ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തും: മന്ത്രി എം.ബി. രാജേഷ്
കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിനായി എക്സൈസ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇതിന്റെ ഭാഗമായി വകുപ്പിൽ പുതുതായി 134 തസ്തികകൾ സർക്കാർ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു. വിമുക്തി മിഷന്റെ 'നോ ടു ഡ്രഗ്‌സ്' (No to Drugs) ക്യാമ്പയിൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. എക്സൈസിന്റെയും പോലീസിന്റെയും മികച്ച പ്രവർത്തനങ്ങൾ കാരണം മയക്കുമരുന്ന് കേസുകൾ കണ്ടെത്തുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും കേരളം രാജ്യത്ത് മുന്നിലാണ്. ലഹരി മാഫിയയെ നേരിടുന്ന എക്സൈസ് സേനയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
അസി. എക്സൈസ് കമ്മീഷണർ എസ് സജീവ് അറിയാം ലഹരി നിയമം വിഷയാവതരണം നടത്തി. രക്തദാനം ,വ്യായാമം എന്ന വിഷയത്തിൽ നാഗലശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം മഹേഷ് ക്ലാസെടുത്തു. നാഗലശ്ശേരി ഗവ. ഐ.ടി.ഐ കോളേജിന് വഴി നിർമ്മിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ടുനൽകിയ കൊടലിൽ ബാലകൃഷ്ണനെ പരിപാടിയിൽ മന്ത്രി ആദരിച്ചു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, വിമുക്തി ജില്ലാ കോർഡിനേറ്റർ കെ.എസ്. ദൃശ്യ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
