വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി ജില്ലയിൽ പൂർത്തീകരണത്തോടടുത്ത വികസന പദ്ധതികൾ സമയബന്ധിതമായി തീർക്കണമെന്ന് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി നിർദ്ദേശിച്ചു. വിവിധ പദ്ധതികൾക്കായി അനുവദിച്ച തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ പാലക്കാട് ജില്ല നാലാം സ്ഥാനത്താണെന്നും ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടർ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രവൃത്തികൾ അവലോകനം ചെയ്തു. ഷൊർണൂർ മണ്ഡലത്തിലെ എലിയപ്പൊറ്റ-കുളപ്പുള്ളി റോഡ് നിർമ്മാണത്തിനായുള്ള പൈപ്പ് ലൈൻ പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി പി. മമ്മിക്കുട്ടി എം.എൽ.എയെ അറിയിച്ചു. ചെർപ്പുളശ്ശേരി ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ആലത്തൂർ മണ്ഡലത്തിൽ ഇറിഗേഷൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം അനുവദിക്കാൻ കെ.ഡി പ്രസേനൻ എം.എൽ.എ നിർദ്ദേശം നൽകി. കൂടാതെ മേലാർകോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായതായും ഉദ്ഘാടനത്തിന് സജ്ജമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ മുരുക്കുംപൊറ്റ ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി ആർ.ടി.ഒ, പി.ഡബ്ല്യു.ഡി അധികൃതർ സംയുക്ത പരിശോധന നടത്തും. ഇവിടെ സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു. ശ്രീകൃഷ്ണപുരത്തെ മലൈപ്പണ്ടാരം വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പ്രയത്നിച്ച ജില്ലാ ഭരണകൂടത്തെ കെ. പ്രേംകുമാർ എം.എൽ.എ അഭിനന്ദിച്ചു. ചിറ്റൂർ മണ്ഡലത്തിലെ അംബേദ്ക്കർ ഗ്രാമം പദ്ധതിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും കൊടുവാൾപാറ-പോത്തുണ്ടി റോഡ് നിർമ്മാണം ഉടൻ തുടങ്ങുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എ മാരായ പി മമ്മിക്കുട്ടി, കെ.ഡി പ്രസേനന്‍, കെ പ്രേംകുമാര്‍, പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.പി ഷാജി, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുമേഷ് സുമേഷ് അച്യുതന്‍, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ് വിനോദ്ബാബു, എ.ഡി.എം കെ സുനില്‍കുമാര്‍ ആര്‍.ഡി.ഒ കെ.മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് അല്‍ഫ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
