വിമുക്തി കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
മലപ്പുറം: എക്സൈസ് വകുപ്പ് വിമുക്തി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പരിപാടി മലപ്പുറം മണ്ഡലത്തിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി പരിപാടിയിൽ മുഖ്യാതിഥിയായി.
പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ടൗണിലൂടെ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. മഞ്ചേരി സർക്കിൾ വിമുക്തി കോർഡിനേറ്റർ ഇ. ജിഷിൽ നായർ പരിപാടിയിൽ വിമുക്തി ക്ലാസും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെ അഡ്വ. കെ. നാസിയ നിയമ ബോധവൽക്കരണ ക്ലാസ് എടുത്തു.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷ്, ആനക്കയം പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബുഷ്റ, വാർഡ് കൗൺസിലർ എം.പി. സബ്ന, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ പി. ഷിജേഷ്, മലപ്പുറം എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ്, വിദ്യാർത്ഥികൾ, കുടുംബശ്രീ, വിവിധ റസിഡൻഡ് അസോസിയേഷൻ അംഗങ്ങൾ അടക്കം 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
