logo
AD
AD

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം സമാപിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ പ്രതിഭാധനരായ കുട്ടികള്‍ക്കായി നടപ്പിലാക്കി വന്ന 'ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ' 2025-26 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന പരിപാടി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലയിലെ പ്രതിഭകളായ കുട്ടികളുമായി ജില്ലാ കളക്ടര്‍ സംവദിച്ചു. ജനങ്ങളെ വായിച്ചെടുക്കാനുള്ള ശേഷി ഒരു പൊതുസേവകന് അത്യന്താപേക്ഷിതമാണെന്നും വായനയിലൂടെ ലഭിക്കുന്ന സാമൂഹ്യബോധം ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

'ജില്ലാ പഞ്ചായത്തും പദ്ധതികളും' എന്ന സെഷനില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി മുന്‍ അധ്യക്ഷ എ. ഷാബിറ ടീച്ചര്‍ പദ്ധതികളെ പരിചയപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം കുട്ടികള്‍ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളുടെ അവതരണവും നടന്നു. പത്താം തരം വിദ്യാര്‍ഥികള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി വിതരണം ചെയ്തു. 2025 ജൂലൈയില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞരും വിദഗ്ധരും നയിച്ച നാല്പതോളം അക്കാദമിക സെഷനുകള്‍, ഐ.ഐ.ടി., വിക്ടോറിയ കോളേജ്, സൈലന്റ് വാലി തുടങ്ങിയ ഇടങ്ങളിലേക്കുള്ള പഠനയാത്രകള്‍, ശില്പശാലകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.

ഏഴാം തരത്തിലെ യു.എസ്.എസ്. പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര്‍, ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എ. രാജേന്ദ്രന്‍, റിസോഴ്‌സ് ഗ്രൂപ്പ് അംഗം ആര്‍. പ്രവീണ്‍, പദ്ധതി കോ-ഓഡിനേറ്റര്‍ പി.ജെ. സാംകുഞ്ഞ്, അധ്യാപകരായ പ്രീത, മാലിനി, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News