ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി , കോഴിക്കോട് , വയനാട് , കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ മൂന്ന് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ പരസ്പരം പഴിചാരി അധികൃതർ. ഇന്നലെ പെയ്ത മഴയിൽ പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുണ്ടായ വെള്ളക്കെട്ടിന് കോർപറേഷനെ പഴിച്ചിട്ട് കാര്യമില്ലെന്നാണ് മേയർ വി.വി രാജേഷ് പറഞ്ഞത്. ക്ഷേത്രത്തിന് സമീപമുള്ള വ്യാപാരികളും പൊതു ജനവും വലിയ വിമർശനമാണ് ഉന്നയിക്കുന്നത്.
ശക്തമായ ഒരു മഴ പെയ്തപ്പോൾ തന്നെ പഴവങ്ങാടി ക്ഷേത്രത്തിന്റെ പരിസരം, കിഴക്കേകോട്ട, തമ്പാനൂർ എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ എല്ലാം തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. കോർപറേഷനെ വിവരം അറിയിച്ചിട്ടും ആരും എത്താതിനെ തുടർന്ന് പഴവങ്ങാടി ക്ഷേത്രത്തിന് സമീപമുള്ള വഴിയോര കച്ചവടക്കാർ തന്നെയാണ് പ്ലാസറ്റികും മാലിന്യവും അടിഞ്ഞ ഓടകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. ഒരു തരത്തിലുള്ള സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് ഇവർ വൃത്തിയാക്കാൻ ഇറങ്ങിയത്.
എന്നാൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിൽ കോർപറേഷന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മേയർ വി.വി രാജേഷിന്റെ വാദം. മറ്റ് വകുപ്പുകളുടെ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്നും കോർപറേഷൻ ചൂണ്ടിക്കാട്ടുന്നു. കാലവർഷം എത്താനായിട്ടും പരസ്പരം പഴി ചാരുകയല്ലാതെ മറ്റൊന്നും തലസ്ഥാനത്ത് നടന്നിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഇന്നലെ നഗരത്തിൽ വിവിധ ഇടങ്ങളിൽ കണ്ട വെള്ളക്കെട്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത പക്ഷം മഴയത്ത് എങ്ങനെ പുറത്തിറങ്ങും എന്ന ആശങ്കയിലാണ് പൊതുജനം.
