സാറ്റലൈറ്റ് ഫോണുമായി ഇസ്രായേല്‍ ദമ്പതികൾ മുണ്ടക്കയത്ത് പിടിയിൽ

മുണ്ടക്കയം: സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ ദമ്പതികൾ കസ്റ്റഡിയിൽ. ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശത്ത തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മുണ്ടക്കയം പൊലീസാണ് വിനോദ സഞ്ചാരിയായ ഇസ്രായേൽ പൗരനെയും ഭാര്യയേയും കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ എത്തിയ ഇയാൾ സാറ്റലൈറ്റ്‌ഫോൺ ഉപയോഗിച്ചതോടെ ടെലികോം വിഭാഗം, അനധികൃത സിഗ്നൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ദുബൈയിൽ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോൾ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.