logo
AD
AD

വാഹന ഉടമകൾക്ക് വഴിവിട്ട് നികുതി, ഫീസ് ഇളവുകൾ നൽകി; തൃശ്ശൂർ ആർ.ടി.ഒ.യ്ക്ക് സസ്പെൻഷൻ

ആലപ്പുഴ: തൃശ്ശൂർ ആർ.ടി.ഒ. ജെബി ഐ. ചെറിയാനെ സർവീസിൽനിന്നു സസ്‌പെൻഡു ചെയ്തു. ചേർത്തല ജോയിന്റ് ആർ.ടി.ഒ. ആയിരിക്കേ സ്വീകരിച്ച നടപടികളിൽ വ്യാപക ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.പഴയ വാഹനങ്ങൾ പൊളിക്കുന്നതിൽ നികുതിവെട്ടിച്ച് സർക്കാരിനു നഷ്ടമുണ്ടാക്കിയെന്നാണു പ്രധാന കണ്ടെത്തൽ.⁣ ⁣ വാഹന ഉടമകൾക്ക് വഴിവിട്ടു നികുതി, ഫീസ് ഇളവുകൾ നൽകുകയായിരുന്നു. 32.21 ലക്ഷത്തിന്റെ നഷ്ടമാണ് മോട്ടോർവാഹനവകുപ്പു നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. ലൈസൻസ് പുതുക്കലിലും ആർ.സി. നൽകുന്നതിലും ക്രമക്കേടും അഴിമതിയും നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തെത്തുടർന്ന് ആലപ്പുഴ ആർ.ടി.ഒ. നൽകിയ പരാതിയിൽ ജെബി ഐ. ചെറിയാനെതിരേ ചേർത്തല പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.⁣ ⁣ ഗുരുതരവീഴ്ച കണ്ടെത്തിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സർക്കാർ നടപടി.അതിനിടെ, ജെബി ഐ. ചെറിയാൻ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും പിന്നീടു പിൻവലിച്ചു.⁣ ⁣ ഉദ്യോഗസ്ഥർക്കിടയിലുള്ള പരസ്പരവൈരമാണ് ജെബിയെ കുടുക്കിയതെന്നും പറയുന്നുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ചേർത്തല ജോയിന്റ് ആർ.ടി.ഒ. ഓഫീസിൽ പ്രാഥമിക പരിശോധന നടന്നത്. അതിനുമുൻപ് പ്രമോഷനോടെ ജെബി ചെറിയാൻ തൃശ്ശൂരിലേക്കു പോയിരുന്നു.

latest News