10 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പെരിന്തൽമണ്ണ: പുഴക്കാട്ടിരി ചൊവ്വാണ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ചൊവ്വാണ എൽ.പി. സ്കൂളിന് സമീപത്തുള്ള വാടകവീട്ടിൽനിന്ന് പത്ത് കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ബർദ്ദമാൻ സ്വദേശികളായ എസ്.കെ. ഹരൻ (50), രാഹുൽ ദാസ് (28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ഒഡിഷ, ബിഹാർ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവു കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. നാട്ടിൽ മലയാളികളുൾപ്പടെയുള്ള ഏജൻറുമാർ മുഖേനയാണ് ആവശ്യക്കാർക്ക് കഞ്ചാവ് വിലപറഞ്ഞുറപ്പിച്ചശേഷം എത്തിക്കുന്നത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരാറുണ്ടെന്ന് നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. ചെറിയ പായ്ക്കറ്റുകളിലാക്കി പടപ്പറമ്പ്, രാമപുരം, കുറവ ഭാഗങ്ങളിൽ വില്പനനടത്താനുള്ള പദ്ധതിയായിരുന്നു.
ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എ. പ്രേംജിത്ത്, കൊളത്തൂർ പോലീസ് ടീം, ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. ഷിജോ സി. തങ്കച്ചൻ, ഡാൻസാഫ് സംഘം എന്നിവർ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മങ്കട ഇൻസ്പെക്ടർ അശ്വിത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.