കൊടികുത്തിമലയിൽ സന്ദർശന സമയം ദീർഘിപ്പിച്ചു
പെരിന്തൽമണ്ണ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് ഇനി പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ അസ്തമയവും ആസ്വദിക്കാം. ഒക്ടോബർ രണ്ടു മുതൽ കൊടികുത്തിമലയിൽ സന്ദർശന സമയം ദീർഘിപ്പിച്ചുകൊണ്ട് വനംവകുപ്പ് പുതിയ ഉത്തരവിറക്കി. ഇതോടെ സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. പുതിയ നിർദേശമനുസരിച്ച് രാവിലെ 4.30 മുതൽ രാത്രി 7.30 വരെയായിരിക്കും ഇക്കോ ടൂറിസം കേന്ദ്രത്തിലെ സന്ദർശന സമയം. രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെയാണ് സന്ദർശകർക്കായി പ്രവേശന ടിക്കറ്റുകൾ വിതരണം ചെയ്യുക. ടോപ് സ്റ്റേഷനിൽ എത്തുന്ന സഞ്ചാരികൾ രാത്രി 7.30-ഓടെ മടങ്ങിയിറങ്ങേണ്ടതാണെന്നും കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നിലവിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പുതിയ സമയം നിലവിൽ വരുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ മലനിരകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
