logo
AD
AD

പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസ്: 18 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പെരിന്തൽമണ്ണ: നഗരത്തെ നടുക്കിയ കൊലപാതകത്തിൽ 18 വർഷത്തിനുശേഷം പ്രതിയെ പിടികൂടി മലപ്പുറം ക്രൈംബ്രാഞ്ച് സംഘം. 2007 ഡിസംബറിൽ പെരിന്തൽമണ്ണ ഊട്ടി റോഡിലെ അക്ബർ സോമിൽ മാനേജരായിരുന്ന ബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ബിഹാർ സ്വദേശിയെ അതിസാഹസികമായി അസമിൽവെച്ച് പിടികൂടിയത്. ബിഹാറിലെ അരാരിയ ജില്ലയിലെ ഡബാരിയ സ്വദേശി ദിലീപ് രാജക് (65) ആണ് പിടിയിലായത്.2007-ൽ പെരിന്തൽമണ്ണ ഊട്ടി റോഡിലെ മില്ലിന് തൊട്ടടുത്തുള്ള ബാങ്കിൽ കവർച്ചാശ്രമം നടന്ന അതേ രാത്രിയാണ് ബാലകൃഷ്ണനെ കാണാതായത്. തൊട്ടുപിന്നാലെ മില്ലിലെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും അപ്രത്യക്ഷരായി. മർദിച്ചു കൊലപ്പെടുത്തിയശേഷം ചാക്കിൽകെട്ടി താഴ്ത്തിയനിലയിൽ സോമില്ലിലെ അറക്കപ്പൊടിക്കുഴിയിൽനിന്ന് ബാലകൃഷ്ണന്റെ മൃതദേഹം തൊട്ടടുത്തദിവസം കണ്ടെത്തിയിരുന്നു. മുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും മില്ലിൽ നൽകിയിരുന്ന പേരും വിലാസവും വ്യാജമാണെന്ന് പോലീസ് ആദ്യ അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയിരുന്നു. വർഷങ്ങൾക്കിടെ പലതവണ പോലീസ് സംഘം ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികളെ അന്വേഷിച്ചെങ്കിലും പ്രതികൾ ഒളിത്താവളങ്ങൾ ഇടക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നതിനാൽ പിടികൂടാനായില്ല. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ അമീർ അലി, എ.എസ്.ഐ. സിയാഉൽ ഹഖ്, എസ്.സി.പി.ഒ.മാരായ എസ്.എ. മുഹമ്മദ് ശാക്കിർ, കെ.പി. ഹമീദലി എന്നിവരടങ്ങുന്ന സംഘമാണ്അസമിലെ ദേമാജി ജില്ലയിൽ അരുണാചൽ അതിർത്തിയോടു ചേർന്നുകിടക്കുന്ന ഗോഗമുഖ് എന്ന വിദൂര ഗ്രാമത്തിൽനിന്നാണ് പ്രതിയെ പിടികൂടിയത്.


latest News