ചങ്കുവെട്ടി റസ്‌റ്റ് ഹൗസിന് ആധുനിക രീതിയിലുള്ള കെട്ടിടമൊരുങ്ങുന്നു
കോട്ടക്കൽ: ചങ്കുവെട്ടി റസ്‌റ്റ് ഹൗസിന് ആധുനിക രീതിയിലുള്ള കെട്ടിടമൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ നടന്ന യോഗത്തിൽ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയത് . വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി പേർ ചികിത്സക്കെത്തുന്ന രാജ്യാന്തര പ്രശസ്തമായ കോട്ടക്കൽ പങ്കുവെട്ടിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ആധുനിക രീതിയിലും കൂടുതൽ സൗകര്യപ്രദമായ രീതിയിലും നവീകരിക്കണമെന്ന ആവശ്യം കോട്ടക്കലിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിൻ്റെ നേതൃത്വത്തിൽ ന നടന്ന യോഗത്തിൽ പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ അവതരിപ്പിച്ചിരുന്നു . കഴിഞ്ഞ ആഴ്ചയിൽ തിരുവനതപുരത്ത് മന്ത്രിയുമായി എം.എൽ എ നടത്തിയ കുടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു .
കഴിഞ്ഞ സർക്കാരുകളുടെ കാലത്തും എം എൽ എ റസ്റ്റ് ഹൗസ് നവീകരിക്കുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ചങ്കുവെട്ടി റസ്‌റ്റ് ഹൗസിന് മൂന്ന് നിലകളിലായി 2470 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്നത് . 15 ഡബിൾ റൂം, 6 ഡീലക്സ് റൂം, തുടങ്ങി 35 ഓളം റൂമുകൾ ,കഫ്റ്റീരിയ , ഡൈനിംഗ് ഹാൾ , മീറ്റിംഗ് ഹാൾ , ജീവനക്കാർക്കും ഐ. ടി രംഗത്തും ബിസിനസ് മേഖലയിലുള്ള വർക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ള വീഡിയോ കോൺഫ്രൻസ് സംവിധാനം ഉൾപ്പെടെയുള്ള വർക്കിംഗ് സ്പേസ്, കിച്ചൺ തുടങ്ങിയ സംവിധാനങ്ങളോടെയാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് . പദ്ധതിക്കായുള്ള ഡിസൈനും എസ്റ്റിമേറ്റും തയ്യാറായികൊണ്ടിരിക്കുകയാണെന്നും എട്ട് മാസം കൊണ്ട് പ്രവൃത്തി ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു . 20 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്
