ബാലവസന്തം 2026: ശിശുദിന വാരാഘോഷത്തിന് തുടക്കമായി
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം ഫോർ ഗേൾസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ശിശുദിന വാരാഘോഷ പരിപാടിയായ ‘ബാലവസന്തം 2026’-ന് തുടക്കമായി. തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ നടന്ന ഉദ്ഘാടന സമ്മേളനം അഡ്വ. വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം. മമ്മു മാസ്റ്റർ അധ്യക്ഷനായി. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടന്നു. കുട്ടികളുടെ സർഗാത്മകവും കലാപരവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ബാലവസന്തത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. താളമേളം, കളിക്കുമില, ബബിൾ ഷോ, കളിമൺകൂട്ടം, പാവനിലാവ് (പാവനാടകം), ചിരിത്തുമ്പി, സ്വരമഴ, എന്റെ ശബ്ദം, ബാലപാർലമെന്റ് തുടങ്ങിയവയ്ക്ക് പുറമെ വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങളും വാരാഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികളുടെ പങ്കാളിത്തം, സർഗാത്മകത, സാമൂഹിക ഇടപെടൽ, വ്യക്തിത്വവികസനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ഷാജേഷ് ഭാസ്‌കർ മുഖ്യാതിഥിയായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.എൽ ധന്യ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. എം.ടി ഷബു ഷബീബ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. എ. സതീശ്, മലപ്പുറം ഡി.സി.പി.യു ഇൻസ്റ്റിറ്റ്യൂഷണൽ കെയർ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ്, മാനേജ്മെന്റ് കമ്മിറ്റി അംഗം പി. ജ്യോതി, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.ടി സൈനബ, പുത്തനത്താണി സി.പി.എ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബൂബക്കർ, എൻട്രി ഹോം ഫോർ ഗേൾസ് മാനേജർ എ.കെ ആര്യ തുടങ്ങിയവർ പങ്കെടുത്തു.
