ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികൾക്ക് ജേഴ്സി വിതരണം ചെയ്തു
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കേരളോത്സവത്തിൽ വിവിധ കായിക മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്കും കായിക പ്രതിഭകൾക്കും ജേഴ്സികളും പുരസ്കാരങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി അധ്യക്ഷയായി. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങളിൽ വിജയികളായ ജി.സി.സി ചാലിശ്ശേരി, എ.എഫ്.സി ആലിക്കര, ക്ലബ്ബ് ഓഫ് ഫോർട്ട് കൂറ്റനാട് എന്നീ ടീമുകളെയും കേരള ഭിന്നശേഷി സംസ്ഥാന കായികമേളയിൽ ലോങ് ജമ്പിൽ രണ്ടാം സ്ഥാനം നേടിയ വൈഗയെയും ആദരിച്ചു. സ്വച്ഛത ഹി സേവ ശുചിത്വ മിഷൻ 2026 കൈകോർത്തു കൈ ക്യാമ്പയിന്റെ ഭാഗമായി മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എൽ.പി സ്കൂൾ കവുക്കോടിനുള്ള പുരസ്കാരവും വിതരണം ചെയ്തു. വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ച യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ടൗൺ ടീം കരിമ്പ, ക്ലബ്ബ് ഓഫ് ഫോർട്ട് കൂറ്റനാട് എന്നീ ക്ലബ്ബുകളെയും ചടങ്ങിൽ ആദരിച്ചു. ഹരിതകർമസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും എം.എൽ.എ നിർവഹിച്ചു. ആലിക്കര വാർഡിൽനിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ ഫൈസൽ അബ്ദുൽ സലീമിന് വാർഡ് മെമ്പർ മുഹമ്മദ് മോൻ നൽകിയ പുരസ്കാരവും എം.എൽ.എ സമ്മാനിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവിത അജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു, സീനിയർ മെമ്പർ എ. വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും മെമ്പർ സുലൈഖ സുലൈമാൻ നന്ദിയും പറഞ്ഞു.
