പറക്കാൻ ഒരുങ്ങവേ യന്ത്രത്തകരാർ; വിമാനം റൺവേയിൽ ബ്രേക്കിട്ട് നിർത്തി, ഒഴിവായത് വൻ ആകാശദുരന്തം
മംഗളൂരു: ടേക്ക് ഓഫിനായി റൺവേയിൽനിന്ന് മുന്നോട്ടുനീങ്ങിയ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതോടെ ബ്രേക്കിട്ട് നിർത്തി, യാത്ര റദ്ദാക്കി. പൈലറ്റിന്റെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ആകാശദുരന്തം.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് 229 യാത്രക്കാരും ഏഴ് ജീവനക്കാരുമായി തിങ്കളാഴ്ച വൈകിട്ട് 6.10-ന് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് സർവീസ് റദ്ദാക്കിയത്. വിമാനം സാങ്കേതിക പ്രശ്നങ്ങളാൽ പറക്കാൻ കഴിയാത്തതാണെന്ന് (എയർക്രാഫ്റ്റ് ഓൺ ഗ്രൗണ്ട്) കണ്ടെത്തിയ പൈലറ്റ് ഉടനെ വിമാനം ബ്രേക്കിട്ട് നിർത്തുകയായിരുന്നു.
യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം വിമാനം റൺവേയിൽനിന്ന് മാറ്റി പാർക്കിങ് ബേയിൽ കൊണ്ടുവന്ന് എൻജിനിയറിങ് അധികൃതർ പരിശോധിച്ചു. എൻജിൻ പ്രവർത്തനത്തിൽ തകരാർ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.യാത്രക്കാർക്ക് ഉടനെ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയെന്നും അത്യാവശ്യമുള്ള 34 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ രാത്രി 12.10-ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോയതായും വിമാനത്താവള അധികൃതർ അറിയിച്ചു.
