logo
AD
AD

വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്: ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

വളാഞ്ചേരി: ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വളാഞ്ചേരി നഗരസഭയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളി അധ്യക്ഷത വഹിച്ച യോഗത്തിൽ, കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിലെ നിർദ്ദേശങ്ങൾ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അവതരിപ്പിച്ചു. പുതിയ ട്രാഫിക്ക് പരിഷ്കാരങ്ങൾ ആദ്യഘട്ടത്തിൽ സെപ്റ്റംബർ 15 മുതൽ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. നഗരത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളിലെ അനധികൃത പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമായി. ടൗണിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് വരെയും, പട്ടാമ്പി റോഡിൽ ബസ് വെയ്റ്റിംഗ് ഷെഡ് വരെയും, കുറ്റിപ്പുറം റോഡിൽ പെട്രോൾ പമ്പ് വരെയും, കോഴിക്കോട് റോഡിൽ കെ.ആർ. ബേക്കറി വരെയുമുള്ള ഭാഗങ്ങളിലാണ് പാർക്കിംഗ് നിരോധിക്കുന്നത്. ടൗണിൽ ട്രാഫിക്ക് സിഗ്നലുകൾ പ്രവർത്തിപ്പിക്കാനും മൂച്ചിക്കൽ ബൈപ്പാസ് റോഡിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതിന് പോലീസിനെ വിന്യസിക്കാനും നടപടിയുണ്ടാകും. ട്രാഫിക്ക് പോലീസുകാരുടെ കുറവുള്ളതിനാൽ രാത്രി 8 മുതൽ 10 മണി വരെ ഗതാഗത നിയന്ത്രണത്തിനായി ഹൈവേ പോലീസിന്റെ സേവനം ഉറപ്പാക്കും. കൂടാതെ, നടപ്പാതകളിലേക്ക് സാധനങ്ങൾ ഇറക്കിവെച്ച് കച്ചവടം ചെയ്യുന്ന കടകൾക്കും ബോർഡുകൾ സ്ഥാപിച്ചവർക്കും നോട്ടീസ് നൽകി കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ടൗണിലെ ഉപയോഗശൂന്യമായ ടെലിഫോൺ, ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുകയും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ട്രാൻസ്ഫോമറുകൾ മാറ്റി പകരം ആധുനിക സംവിധാനം നടപ്പിലാക്കുകയും ചെയ്യും. നാഷണൽ ഹൈവേ വട്ടപ്പാറ സർവീസ് റോഡിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ സർക്കാരിലേക്ക് കത്തയക്കാനും തീരുമാനമായിട്ടുണ്ട്. യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി. ഉണ്ണികൃഷ്ണൻ, വളാഞ്ചേരി സി.ഐ. കെ.ആർ. രജ്ജിത്ത്, എസ്.ഐ. ശശി കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ശരീഫ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, വില്ലേജ് ഓഫീസ് പ്രതിനിധി കെ.വി. ബാബുമോൻ, കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. എ.ഇ. ഷംസുദ്ധീൻ തുടങ്ങിയവരും വ്യാപാരി, ബസ്, ഓട്ടോ കോർഡിനേഷൻ പ്രതിനിധികളും പങ്കെടുത്തു.


latest News