വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്: സംയുക്ത പരിശോധന നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ടൗണിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി നഗരസഭയിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളിയുടെയും, ഡെപ്യൂട്ടി ചെയർ പേഴ്‌സൺ കെ.വി ഉണ്ണികൃഷ്‌ണന്റെയും നേതൃത്വത്തിൽ വൈദ്യുതി,പി.ഡബ്ല്യൂ.ഡി വകുപ്പുകളുമായി ഏകോപിപ്പിച്ച് ടൗണിൽ സംയുക്ത പരിശോധന നടത്തി. നഗരത്തിലെ പ്രധാന റോഡുകളിലും ഗതാഗതത്തിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ റോഡരികിലും നടപ്പാതകളോടും ചേർന്ന് ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ടെലിഫോൺ പോസ്റ്റുകളും വൈദ്യുതി പോസ്റ്റുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും പരിശോധിച്ചു റോഡിന്റെ വീതി കുറയ്ക്കുന്നതും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ കണ്ടെത്തി അവ ആവശ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും,മറ്റു ഉപാതികൾ സ്വീകരിക്കുന്നതിനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വൈദ്യുതി,പി.ഡബ്ല്യൂ.ഡി, വകുപ്പുകളുമായി ഏകോപിച്ച് നിലവിലുള്ള പോസ്റ്റുകളുടെ സ്ഥാനം പരിശോധിച്ചതിനെ തുടർന്ന് ഗതാഗതത്തിന് തടസ്സമാകുന്നവ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി റോഡുകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക, അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുക, കാൽനടയാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് തുടർനടപടികൾ ആസൂത്രണം ചെയ്യുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഘട്ടംഘട്ടമായി നടപടികൾ പൂർത്തീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കൗൺസിലർ റഫ്മാബി,കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി അസിസ്റ്റൻ്റ് എഞ്ചിനീയർ എം.ശംസുദ്ധീൻ,വളാഞ്ചേരി കെ. എസ്.ഇ.ബി സബ് എഞ്ചിനീയർ മുഹമ്മദ് റാഫി,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, ഓവർസിയർമാരായ ബിമൽ,മുഹമ്മദ് ഷമീം,നഗരസഭ ജീവനക്കാരനായ ശരത്ത് തുടങ്ങിയവർ പരിശോധന നേതൃത്വം നൽകി.
