logo
AD
AD

വിരമിക്കുന്നത് 12,360 ജീവനക്കാർ, കാരണം ഒരേ ജനനത്തീയതി

തിരുവനന്തപുരം: ഇത്തവണയും മേയ് 31-ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. ജീവനക്കാരും അധ്യാപകരുമായി 12,360 ജീവനക്കാരാണ് ഞായറാഴ്ച വിരമിക്കുന്നത്. ജനനസർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനുമുൻപുള്ള കാലത്ത് പലരുടെയും ജനനത്തീയതി മേയ് 31 ആയാണ് സ്കൂൾ രേഖകളിലുംമറ്റും കാണിച്ചിരുന്നത്. ഇതാണ് ഈ തീയതിയിലെ കൂട്ടവിരമിക്കലിന് കാരണം.

വിരമിക്കൽ പ്രായം 56-ൽ നിന്ന് കൂട്ടണമെന്ന് എൽ.ഡി.എഫ്. സർക്കാരിന്റെ അവസാന ബജറ്റിനു മുൻപ്‌ ആവശ്യമുയർന്നിരുന്നു. എന്നാലത് അംഗീകരിച്ചില്ല. പുതിയ സർക്കാർ പെൻഷൻ പ്രായം ഉയർത്താൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് സർവീസ് സംഘടനകൾ. ജീവനക്കാർക്ക് ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 19-നാണ് ആദ്യ ബജറ്റ്. ശമ്പളവർധന, ഉറപ്പായ പെൻഷൻ പദ്ധതി എന്നിവയിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ രണ്ടുശതമാനം ഡി.എ. കുടിശ്ശികയുണ്ട്. ഇതനുവദിക്കാനും പ്രഖ്യാപനമുണ്ടാവും.

ഇപ്പോൾ പങ്കാളിത്തപെൻഷനിലുള്ള ജീവനക്കാർ 60-ാം വയസ്സിലാണ് വിരമിക്കുന്നത്. ആകെയുള്ള 5.23 ലക്ഷം ജീവനക്കാരിൽ പകുതിയോളംപേർ ഈ വിഭാഗത്തിൽവരും. എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഉറപ്പായ പെൻഷൻ പദ്ധതിയിലും 60 ആണ് വിരമിക്കൽ പ്രായം. എന്നാൽ, 2013 ഏപ്രിലിന് മുൻപ്‌ നിയമതിരായവർ 56-ാം വയസ്സിൽ വിരമിക്കണം. അതിനാൽ എല്ലാ ജീവനക്കാർക്കും 60 ആയി ഏകീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ശമ്പളപരിഷ്കരണത്തിന് എൽ.ഡി.എഫ്. സർക്കാർ നിയമിച്ച കമ്മിഷന്റെ പ്രവർത്തനം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ കമ്മിഷനെ നിയമിക്കുന്ന സമയത്ത് മൂന്നുമാസമാണ് കാലാവധി അനുവദിച്ചത്. ഇത് മേയ് 23-ന് കഴിഞ്ഞു. ആറുമാസംകൂടി നീട്ടണമെന്ന ആവശ്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. സർക്കാർ നിലപാടും വ്യക്തമാക്കിയിട്ടില്ല. ബജറ്റിൽ ഇതു സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയേക്കും. ഉറപ്പായ പെൻഷൻ പദ്ധതി നടപ്പാക്കാൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ചട്ടം രൂപവത്കരിച്ചിരുന്നില്ല. ആ പദ്ധതിയാണ് യു.ഡി.എഫ്. സർക്കാരും നടപ്പാക്കുന്നതെങ്കിൽ ഉടൻ ചട്ടം രൂപവത്കരിക്കണം. ഇക്കാര്യത്തിലും ബജറ്റിൽ വ്യക്തത വരുത്തേണ്ടിവരും.

Latest News

latest News