ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം
കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരായ ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം. പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ഇടങ്ങളിലെ ആക്രമണം.
കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിലെ ഒരു പരിപാടിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിപ്പിച്ചിരുന്നു. പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നതാണ്. എന്നാൽ ഈ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള സൈബറാക്രമണം.
ഇതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സൈബറാക്രമണങ്ങൾക്ക് തടയിടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.