മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമം; പാലക്കാട്ട് യുവാവ് അറസ്റ്റില്‍
പാലക്കാട്: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. യാക്കര സ്വദേശിയായ അഫ്‌സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചുകയറിയാണ് അഫ്‌സല്‍ വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചത്.
ഡിസംബര്‍ 19 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവമുണ്ടായത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയ യുവാവ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയും വണ്ടി ഓടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട യാത്രക്കാരും നാട്ടുകാരും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ തടഞ്ഞുവെച്ചത്. ശേഷം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് യുവാവിനെ പുറത്തിറക്കിയത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.