സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് നിയമനം: മുഖ്യ ഏജന്റായ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ
പാലക്കാട്: വിദേശത്ത് മൾട്ടി നാഷനൽ കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് യുവാക്കളിൽനിന്ന് വൻ തുക കമീഷൻ വാങ്ങി കംബോഡിയ, തായ്‍ലൻഡ് എന്നീ രാജ്യങ്ങളിൽ ചൈനീസ് പൗരന്മാരാൽ നിയന്ത്രിക്കപ്പെടുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിക്കുന്ന മുഖ്യ ഏജന്‍റ് അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് പാടൂർ കല്ലിങ്കൽ വീട്ടിൽ സുഗിത് സുബ്രഹ്മണ്യനെയാണ് (44) പാലക്കാട് സൈബർ ക്രൈം പൊലീസ് മുംബൈയിൽനിന്ന് പിടികൂടിയത്.
ചിറ്റൂർ സ്വദേശിയായ യുവാവിനെ ആകർഷകമായ ശമ്പളത്തിൽ ഡേറ്റ എൻട്രി ജോലി വാഗ്ദാനംചെയ്ത് പണം കൈപ്പറ്റി തായ്‍ലൻഡിലേക്ക് കൊണ്ടുപോയി അവിടെനിന്ന് റോഡ് മാർഗം കംബോഡിയയിലേക്ക് കടത്തുകയായിരുന്നു. അവിടെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിർബന്ധിത സൈബർ തട്ടിപ്പ് ജോലി ചെയ്യിപ്പിക്കുകയും കൂടുതൽ ആളുകളെ തട്ടിപ്പിനിരയാക്കി പണം കൈക്കലാക്കാൻ ടാർഗറ്റ് നിശ്ചയിക്കുകയും ചെയ്തു. വിസമ്മതിച്ചതോടെ നിർബന്ധപൂർവം ജോലി ചെയ്യിപ്പിച്ചു. നാട്ടിലേക്ക് വരാൻ നിർബന്ധം പിടിച്ചാണ് യുവാവ് അവിടെനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം. പ്രസാദിന്‍റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ സി.എസ്. രമേഷ്, എസ്.സി.പി.ഒ എം. ഷിജു, പി.സി എച്ച്. പ്രേംകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.