കഞ്ചാവ് കേസ്: യുവാവിന് ഒരു വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം ചേലമ്പ്ര ഇടിമുഴക്കൽ സ്വദേശി ചെമ്പകൻ വീട്ടിൽ അമർനാഥിനാണ് (28) പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സുധീർ ഡേവിഡ് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വിൽപ്പനയ്ക്കായി എത്തിച്ച 3 കിലോ കഞ്ചാവുമായി 2017 ഡിസംബർ 9ന് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിയിലായ കേസിലാണ് വിധി.
2017 ഡിസംബർ 9ന് ഒന്നും രണ്ടും പ്രതികൾ 3 കിലോ കഞ്ചാവ് കൈവശം വച്ച് വിൽപ്പനയ്ക്കായി നിൽക്കുന്നത് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കാണപ്പെട്ടു എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ ഒറ്റപ്പാലം എസ്.ഐ ആയിരുന്ന ആദം ഖാൻ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഒറ്റപ്പാലം ഇൻസ്പെക്ടർ ആയിരുന്ന പി അബ്ദുൽ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി ശ്രീനാഥ് വേണു ഹാജരായി. എസ്.സി.പി.ഓ ആഷിക് റഹ്മാൻ പ്രോസിക്യൂഷൻ നടപടികൾ എകോപിപ്പിച്ചു. ഈ കേസിലെ രണ്ടാം പ്രതി എറണാകുളം സ്വദേശി മനയത്ത് വീട്ടിൽ റോഷൻ ഒളിവിൽ പോയതിനാൽ ഒന്നാം പ്രതി മാത്രമാണ് വിചാരണ നേരിട്ടത്.