സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ വിതരണവും സംഘടിപ്പിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) പാലക്കാട് ജില്ലാ കാര്യാലയം ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (NBCFDC) സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന / മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച 1.5 കോടി രൂപയുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച 82.42 ലക്ഷം രൂപയുടെയും വായ്പാ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ കെ. പ്രേമ അദ്ധ്യക്ഷത വഹിച്ചു.
36 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായി വിവിധ പദ്ധതികളിലായി ആകെ 89.38 ലക്ഷം രൂപ വായ്പയായി പരിപാടിയില്‍ വിതരണം ചെയ്തു. സംരംഭകത്വം, ഉല്പന്ന വൈവിധ്യവത്കരണം, വിപണനം, അക്കൗണ്ടിംഗ്, നിയമവശങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാലക്കാട് താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ എന്‍. റഷീദ് ക്ലാസ്സെടുത്തു. പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ലത, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് സി. അനിത, പ്രോജക്ട് അസിസ്റ്റന്റ് ആര്‍.കെ. രമ്യ എന്നിവര്‍ പങ്കെടുത്തു.
