തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു
സര്‍ക്കാരിന്റെ നിയമപരമായ പിന്തുണയും സ്വീകാര്യതയുമാണ് വൃത്തിയുടെ പോരാളികളായ ഹരിതകര്‍മ്മ സേനാംഗങ്ങളെ ജനാധിപത്യ മുന്‍നിരയിലേക്ക് എത്തിച്ചതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പതിമൂന്നാമത് ദേശീയ സരസ് മേളയില്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയികളായ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കുന്ന 'വൃത്തിയുടെ വിജയം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 547 ഹരിത കര്‍മ സേനാംഗങ്ങളാണ് ജനവിധി തേടിയത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 219 പേരെയാണ് പരിപാടിയില്‍ മന്ത്രി ആദരിച്ചത്.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ സര്‍ക്കാര്‍ പിന്തുടര്‍ന്നു. വിട്ടുവീഴ്ചയില്ലാതെ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. ഇങ്ങനെ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഹരിത കര്‍മ്മ സേന ഈ വിജയം കൈവരിച്ചത്. കേരള ജനതയ്ക്ക് വൃത്തിയുള്ള അന്തരീക്ഷത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതും ഈ ഹരിത കര്‍മ്മ സേനാംഗങ്ങളാണെന്നും മന്ത്രി ആവര്‍ത്തിച്ചു. പൊതുയിടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ ഹരികര്‍മ്മ സേനാംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉയരെ ക്യാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനവും കൈപുസ്തക പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
അമ്മു സ്വാമിനാഥന്‍ വേദിയില്‍ നടന്ന പരിപാടിയില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീരാന്‍കുട്ടി അധ്യക്ഷയായി. ശുചിത്വ മുന്നേറ്റം - ഭരണശക്തി എന്ന വിഷയത്തില്‍ മുന്‍ കില ഡയറക്ടര്‍ ജനറല്‍ ജോയ് സി ഇളമണ്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ക്ലാസ് നല്‍കി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി കെ സുധീഷ് കുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഐ ഹുസൈന്‍, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സജീഷ് കളത്തില്‍, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഹരിതകര്‍മ്മസേന പ്രോഗ്രാം ഓഫീസര്‍ മേഘാ മേരി കോശി സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ്, ചെയര്‍പേഴ്സണ്‍മാര്‍, മറ്റ് ജനപ്രതിനിധികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
