logo
AD
AD

കുഷ്ഠരോഗ നിർമ്മാർജ്ജനം: 'അശ്വമേധം 7.0' ഭവന സന്ദർശനത്തിന് തുടക്കം

കുഷ്ഠരോഗത്തെ സമൂഹത്തിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'അശ്വമേധം 7.0' കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ കേസുകള്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി പൂര്‍ണമായും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന യജ്ഞമാണ് അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടി. ഭവന സന്ദര്‍ശനത്തിലൂടെ രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നല്‍കുക, രോഗവ്യാപനം തടയുക, സമൂഹത്തില്‍ ബോധവത്ക്കരണം വര്‍ധിപ്പിക്കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്.

ക്യാംപയിന്റെ ഭാഗമായി വീടുതോറും പരിശോധന, സംശയമുള്ള കേസുകളുടെ വിശദമായ ആരോഗ്യപരിശോധന, ആവശ്യമായ ലാബ് പരിശോധനകള്‍, സൗജന്യ ചികിത്സക്കുള്ള റഫറല്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. കുഷ്ഠരോഗം പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണെന്നും സമയബന്ധിത ചികിത്സയിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കാനാകുമെന്നും പൊതുജനങ്ങളെ അറിയിക്കും. കുഷ്ഠരോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും സാമൂഹിക വിവേചനവും ഇല്ലാതാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം, കൗണ്‍സലിങ് സേവനങ്ങള്‍ എന്നിവയും ക്യാംപയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിശീലനം ലഭിച്ച ആശമാരുള്‍ക്കൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ജനുവരി 20 വരെ ജില്ലയിലെ വീടുകള്‍ സന്ദര്‍ശിക്കും. 10,82,232 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. രണ്ടു വയസിന് മുകളില്‍ പ്രായമുള്ള 49,90,244 പേരെ കണ്ടെത്തി രോഗനിര്‍ണയം നടത്തും. ഇതിനായി 15 ആരോഗ്യ ബ്ലോക്കുകളുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ 3215 സംഘം 643 സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. ഈ സന്ദര്‍ഭത്തില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. രോഗം തുടക്കത്തിലേ കണ്ടെത്തി തടയുകയാണ് ലക്ഷ്യം. രോഗം ബാധിച്ച വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ വളരെ രഹസ്യമായിട്ടായിരിക്കും രോഗവിവരം സൂക്ഷിക്കുക. ഇതിനുള്ള ചികിത്സയും സൗജന്യമാണ്.

Latest News

latest News