നാഗലശ്ശേരി ഐ.ടി.ഐക്ക് വഴിയൊരുക്കാൻ 21.5 സെന്റ് ഭൂമി നൽകി മാതൃകയായി പ്രവാസി
നാഗലശ്ശേരി ഗവ. ഐ.ടി.ഐ.യുടെ സ്വപ്ന കെട്ടിടത്തിലേക്ക് വഴിയൊരുക്കാൻ സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകി പ്രവാസി മാതൃകയാകുന്നു. കൊടലിൽ ബാലകൃഷ്ണൻ എന്ന വ്യക്തി പഞ്ചായത്തിന് കൈമാറിയ 21.5 സെന്റ് ഭൂമിയാണ് തൃത്താല മണ്ഡലത്തിന്റെ നാലര പതിറ്റാണ്ടായുള്ള ഈ വലിയ ആവശ്യത്തിന് കരുത്തായത്. ഇതോടെ ഗുരുവായൂർ - പാലക്കാട് സംസ്ഥാന പാതയിൽ നിന്നും കോളേജിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള യാത്രാ സൗകര്യം സജ്ജമാകും.
നാഗലശ്ശേരി പഞ്ചായത്തിലെ വാവ്വന്നൂരിൽ 1.80 ഏക്കർ ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഐ.ടി.ഐ. കെട്ടിടം ഒരുങ്ങുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ നിരന്തരമായ ശ്രമഫലമായാണ് ഐ.ടി.ഐ. യാഥാർത്ഥ്യമായത്. 2024 ഡിസംബറിൽ വെള്ളിയാങ്കല്ലിലെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കോളേജിനായി സംസ്ഥാന സർക്കാരിന്റെ 2026-27 ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രായോഗികമായ യാത്രാ സൗകര്യം ഒരു വെല്ലുവിളിയായി നിന്നപ്പോഴാണ് ബാലകൃഷ്ണൻ തന്റെ ഭൂമി സൗജന്യമായി നൽകാൻ മുന്നോട്ടുവന്നത്.
നിലവിൽ കമ്പ്യൂട്ടർ എംബ്രോയിഡറി ഡിസൈനിങ്, ഇൻഫർമേഷൻ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ തുടങ്ങിയ നൂതന കോഴ്സുകളാണ് ഇവിടെയുള്ളത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കൂടുതൽ മികച്ച സൗകര്യങ്ങളോടെ ഐ.ടി.ഐ.ക്ക് പ്രവർത്തിക്കാൻ സാധിക്കും.
