സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം: മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് അനുമോദനം
സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പാലക്കാട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേർന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടന്നു വരുന്ന സർവേ പ്രവർത്തനങ്ങളും ഗൃഹസന്ദർശന നടപടികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും പഞ്ചായത്തുകളെയും ചടങ്ങിൽ ജില്ലാ കളക്ടർ ആദരിച്ചു.
ജില്ലയിൽ ആദ്യമായി നൂറു ശതമാനം സർവേ പൂർത്തിയാക്കിയ വാർഡ് എന്ന നേട്ടം കൈവരിച്ച തൃത്താല പഞ്ചായത്തിലെ ചാർജ് ഓഫീസർമാർക്കുള്ള പുരസ്കാരം ജില്ലാ കളക്ടർ സമ്മാനിച്ചു. കൂടാതെ, ഏറ്റവും കൂടുതൽ വാർഡുകളിൽ സർവേ നടപടികൾ പൂർത്തിയാക്കിയ പല്ലശ്ശേന ഗ്രാമ പഞ്ചായത്തിലെ ചാർജ് ഓഫീസർമാരെയും ചടങ്ങിൽ ആദരിച്ചു. സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകൾ സന്ദർശിച്ചതിനുള്ള പ്രത്യേക പുരസ്കാരം തരൂർ മണ്ഡലത്തിലെ ചാർജ് ഓഫീസർമാർക്ക് ജില്ലാ കളക്ടർ കൈമാറി.
