logo
AD
AD

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 08 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ അപൂർവ്വമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും അവ താനേ സുഖപ്പെടുന്നവയാണെന്നും സംസ്ഥാനതല ഇമ്മ്യൂണൈസേഷൻ സാങ്കേതിക സമിതി വിലയിരുത്തിയാതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെ.ജെ റീന അറിയിച്ചു.

രാജ്യത്ത് 2006 മുതൽ ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്. രാജ്യത്ത് പ്രസ്തുത വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ള 231 ജില്ലകളിൽ 9 മാസം പ്രായം മുതലുള്ള കുഞ്ഞുങ്ങൾക്ക് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഈ വാക്‌സിൻ സൗജന്യമായി നൽകിവരുന്നുണ്ട്. പതിയെ ഇത് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ദേശീയതലത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 2009 മുതൽ തന്നെ ജപ്പാൻ ജ്വരത്തിനെതിരെ വാക്സിൻ കുട്ടികൾക്ക് നൽകിവരുന്നുണ്ട്. വാക്‌സിനേഷൻ നൽകിവരുന്ന ജില്ലകളിൽ ഇതുവരെ ഒരു കുട്ടിക്കും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല.

നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രണ്ടുകുട്ടികളിൽ കണ്ടെത്തിയ ലഘുവായ പാർശ്വഫലങ്ങൾ വാക്‌സിൻ മൂലമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ആരോഗ്യനില സാധാരണമാണെന്നു സാങ്കേതിക സമിതി വിലയിരുത്തി. എങ്കിലും മുൻപ് പനിമൂലമുള്ള ജന്നി ബാധിച്ചിട്ടുള്ള കുട്ടികളെ തത്കാലം സ്കൂളുകളിൽ വാക്‌സിനേഷൻ നല്കുന്നതിൽനിന്നു ഒഴിവാക്കാനും അവർക്കു ആശുപത്രീയിൽ വച്ച് മാത്രം വാക്‌സിൻ നൽകാനും സമിതി ശുപാർശ ചെയ്തു. കൂടാതെ വാക്‌സിൻ എടുക്കുന്ന എല്ലാ കുട്ടികൾക്കും വയസിനനുസരിച്ച് ഒരു ഡോസ് പാരസെറ്റമോൾ ഗുളിക കൂടി നൽകാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

latest News